ഓണാഘോഷത്തിന് പിന്നാലെ മദ്യലഹരിയിൽ പുഴക്കടവിൽ സ്‌കൂൾ വിദ്യാർഥി; ബെവ്കോ ജീവനക്കാരനെതിരേ കേസ്

  1. Home
  2. Kerala

ഓണാഘോഷത്തിന് പിന്നാലെ മദ്യലഹരിയിൽ പുഴക്കടവിൽ സ്‌കൂൾ വിദ്യാർഥി; ബെവ്കോ ജീവനക്കാരനെതിരേ കേസ്

ALCIHOL


മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി കിടക്കുന്ന സ്‌കൂൾ വിദ്യാർഥിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ. മൂവാറ്റുപുഴ ജനതാക്കടവിൽനിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൂവാറ്റുപുഴ പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും വിദ്യാർഥിക്ക് മദ്യം വിറ്റ ബിവറേജസ് ജീവനക്കാരനെതിരേ കേസെടുക്കുകയും ചെയ്തു.

ഓഗസ്റ്റ് 25-ാം തീയതിയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അന്നേദിവസം സ്‌കൂളിലെ ഓണാഘോഷത്തിന് ശേഷം മദ്യപിച്ച പ്ലസ് വൺ വിദ്യാർഥി പുഴക്കടവിൽ എത്തുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് കടവിൽ വീണുകിടന്ന വിദ്യാർഥിയെ സഹപാഠികളിൽ ചിലർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഇതിനിടെയാണ് കടവിന് എതിർവശത്ത് താമസിക്കുന്ന സ്ത്രീ സംഭവം ക്യാമറയിൽ പകർത്തിയത്.

എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ 'അടിച്ചുപാമ്പായി' എന്നാണ് വിദ്യാർഥികൾ തന്നോട് പറഞ്ഞതെന്നാണ് ദൃശ്യങ്ങൾ പകർത്തിയ സ്ത്രീ വീഡിയോയിൽ പറയുന്നത്. ആംബുലൻസ് വിടണോ എന്നും ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നും സ്ത്രീ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ഓഗസ്റ്റ് 25-ന് പകർത്തിയ ഈ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ കണ്ടെത്തുകയുമായിരുന്നു.