മദ്യപിച്ച് വാഹനമൊടിച്ച് അപകടം ഉണ്ടാക്കി; എസ്.ഐക്ക് സസ്പെൻഷൻ
ഇന്നലെ രാത്രിയാണ് മലപ്പുറം വടക്കാങ്ങര കളാവിൽ പോലീസ് വാഹനം അപകടമുണ്ടാക്കിയത്. മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു. നിർത്താതെ പോയ പൊലീസ് ജീപ്പ് തടഞ്ഞ നാട്ടുകാർ കണ്ടത് മദ്യപിച്ചു ലക്കുകെട്ട് ബോധമില്ലാതെ വാഹനമോടിച്ച പൊലീസുകാരനെയായിരുന്നു.
മലപ്പുറം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനാണ് വണ്ടി ഓടിച്ചത്. നാട്ടുകാർ തടഞ്ഞിട്ടും വണ്ടിയെടുത്ത് പോകാനായിരുന്നു എഎസ്‌ഐയുടെ ശ്രമം. പക്ഷെ നാട്ടുകാർ സമ്മതിച്ചില്ല. നാട്ടുകാർ തന്നെയാണ് ജില്ലാ പൊലീസ് മേധാവിയെ വിളിച്ചു വിവരമറിയിച്ചത്. ഒടുവിൽ മങ്കടയിൽ നിന്ന് പോലീസ് എത്തി ഗോപി മോഹനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയത്തിനുമാണ് ഗോപി മോഹനെതിരെ പോലീസ് കേസ് എടുത്തത്. വാർത്ത പുറത്ത് വന്നതോടെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഗോപി മോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.