മുഖ്യമന്ത്രി ചർച്ചകൾക്കിടെ കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലെത്തി നേതാക്കൾ

  1. Home
  2. Kerala

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലെത്തി നേതാക്കൾ

IMAGE


കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ കണ്ണൂരിലെ കെ. സുധാകരന്റെ വീട് സന്ദർശിച്ച് നേതാക്കൾ. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ ഭാസ്‌കർ, കൂടാളി മണ്ഡലം പ്രസിഡണ്ട് ശ്രീപ്രസാദ് എന്നിവരാണ് കെ സുധാകരനെ കാണാനെത്തിയത്. എന്നാൽ, സാധാരണ സന്ദർശനം മാത്രമെന്നാണ് നേതാക്കൾ പറഞ്ഞു. പ്രത്യേക രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കെ. സി. വേണുഗോപാൽ മുഖ്യമന്ത്രി ആവണമെന്ന് പരസ്യമായി ആവശ്യപ്പെട്ട നേതാവാണ് കെ. സുധാകരൻ. കെ. സുധാകരൻ ഉൾപ്പടെയുള്ള നേതാക്കളെ ഡൽഹിക്ക് വിളിച്ചതിന് പിന്നാലെയാണ് നേതാക്കൾ സുധാകരനെ കാണാൻ എത്തിയത് എന്നത് ശ്രദ്ധേയമാണ്. തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് കെ.സുധാകരൻ വീട്ടിൽ വിളിച്ചിരുന്നു. ഡൽഹിക്ക് വിളിപ്പിച്ച സാഹചര്യത്തിൽ യോഗം മാറ്റിവെക്കുകയായിരുന്നു.

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുൻ കെപിസിസി അധ്യക്ഷൻമാരേയും വർക്കിംഗ് പ്രസിഡന്റുമാരേയും എഐസിസി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കെ.സുധാകരൻ, കെ.മുരളീധരൻ, മുലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസ്സൻ, വി.എം സുധീരൻ, വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് പോവില്ലെന്ന് അറിയിച്ചിട്ടുണ്ട്. വി.എം സുധീരനും, കെ. മുരളീധരനും ഡൽഹിയിലെത്തി അഭിപ്രായം പറയുമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്