എബോള ഭീതി ഒഴിഞ്ഞു; കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

  1. Home
  2. Kerala

എബോള ഭീതി ഒഴിഞ്ഞു; കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

ebola


കേരളത്തിൽ പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് വലിയ ആശ്വാസമേകി എബോള സംശയം നീങ്ങി. എബോള രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാലാ സ്വദേശിയായ 52-കാരിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി അടുത്തിടെയാണ് ഇവർ കേരളത്തിലെത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ആഫ്രിക്കയിൽ നിന്നെത്തിയ ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യവകുപ്പ് ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു. കടുത്ത ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും നിരീക്ഷണത്തിലാക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ആശങ്കകൾക്ക് വിരാമമിട്ട് ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് പുറത്തുവന്നത്.

പനിയെ തുടർന്ന് ഇവർ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. എന്നാൽ യാത്രാചരിത്രം പരിശോധിച്ചതോടെ എബോള മുൻകരുതലുകളുടെ ഭാഗമായി ഇവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.