മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികൾ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം മുൻ കൗൺസിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതികൾ സ്റ്റേഷൻ മുറ്റത്തെ ഊഞ്ഞാലിൽ ആടിയും റീൽസ് എടുത്തും ആഘോഷം സംഘടിപ്പിച്ചത്. പൊലീസുകാരുടെയും ബിനുവിന്റെയും ഷർട്ടിന്റെ നിറം ഒന്നായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബിനു സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതാണെന്നും ഷർട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികമാണെന്നുമാണ് പൊലീസിന്റെയും ബിനുവിന്റെയും വിശദീകരണം.
അതേസമയം, സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന വിലയിരുത്തലിൽ ഐ.പി. ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി പരാതി നൽകുമെന്നും അറിയിച്ചു.
