സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

  1. Home
  2. Kerala

സംസ്ഥാനത്ത് ഇഡി റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളില്‍ പരിശോധന

ed


സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. കോഴിക്കോട് സോണൽ ഓഫീസ് കേന്ദ്രീകരിച്ച് പുലർച്ചെ മുതൽ ഒമ്പതോളം ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

വിദേശനാണ്യ വിനിമയ ചട്ടലംഘനം (FEMA), ഹവാല പണമിടപാടുകൾ, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ ഈ നീക്കം. സംസ്ഥാനത്ത് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണ്ണക്കടത്ത് കേസുകളുടെയും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ലഭിച്ച ഹവാല ഇടപാട് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ 'സൈനബ മൻസിൽ', ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ 'ചാപ്പ ഹൗസ്' എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ 'വട്ടക്കണ്ടി ഹൗസി'ലും പരിശോധന തുടരുകയാണ്.

കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെയുടെ (മാല കുഴിയിൽ ജൗഹർ) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട് എന്നിവിടങ്ങളിലാണ് ഇ.ഡി സംഘം എത്തിയത്. മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ 'പാലക്കാവളപ്പിൽ ഹൗസ്', പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ 'കാകിടി ഹൗസ്' എന്നിവിടങ്ങളിലും പുലർച്ചെ മുതൽ കർശന പരിശോധന നടക്കുന്നുണ്ട്.