ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

  1. Home
  2. Kerala

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

crystal raj


കേരളത്തെയാകെ നടുക്കിയ ആലുവയിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജിന് (31) കോടതി കടുത്ത ശിക്ഷ വിധിച്ചു. രണ്ട് ഇരട്ട ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും അനുഭവിക്കണം. പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി ഡി. സുരേഷ് കുമാറാണ് ഈ വിധി പ്രസ്താവിച്ചത്.

2023 സെപ്റ്റംബർ ഏഴിന് പുലർച്ചെയായിരുന്നു ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അതിഥിത്തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ പ്രതി ജനൽവഴി കൈയിട്ട് വാതിൽ തുറന്ന് അകത്തുകയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ വിജനമായ പാടത്തേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന സമീപവാസി പ്രതി കുട്ടിയുമായി പോകുന്നത് കാണുകയും ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാർ നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ പാടത്തുനിന്ന് കണ്ടെത്തിയത്.

ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പോലീസ് വലയിലാക്കിയിരുന്നു. പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി, പോലീസിനെ കണ്ടതോടെ പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നീന്തൽ വിദഗ്ധരായ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. മറ്റ് നിരവധി പോക്സോ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ക്രിസ്റ്റിൽ രാജിനെതിരെ നേരത്തെ കാപ്പ (KAAPA) നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടായിരുന്നു. പോലീസ് ശാസ്ത്രീയ തെളിവുകൾ സഹിതം കൃത്യമായ സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസ് കൂടിയാണിത്.