എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കും, സംസ്ഥാനത്ത് ചൂട് വർധിക്കും

  1. Home
  2. Kerala

എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കും, സംസ്ഥാനത്ത് ചൂട് വർധിക്കും

rain


കേരളത്തിൽ ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റമായ എൽ-നിനോ (El-Niño) പ്രതിഭാസം മൺസൂണിനെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ മഴ കുറയാനാണ് സാധ്യതയെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വേനൽചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുകയാണ്. ഇന്ന് മുതൽ ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ താപനില 36°C വരെ ഉയർന്നേക്കും. ഇത് സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലാണ്.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത (Humidity) കാരണം മലയോര മേഖലകളിലൊഴികെ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.