ഒരു വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ; വ്യവസ്ഥയെന്താണ്: അറിയാം

  1. Home
  2. Kerala

ഒരു വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ; വ്യവസ്ഥയെന്താണ്: അറിയാം

kseb


ഒന്നിലേറെ വൈദ്യുതി കണക്ഷൻ ഒരു വീട്ടിൽ ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കെഎസ്ഇബി. സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ഒരേ ആവശ്യത്തിനായി ഒന്നിലധികം വൈദ്യുതി കണക്ഷൻ നൽകുകയില്ല.

എന്നാൽ ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഓരോന്നിലും ഉടമസ്ഥർ / താമസക്കാർ വ്യത്യസ്തരാണെന്നും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വേർതിരിവും (physical & Electrical segregation) പുലർത്തുന്നു എന്നും ബോധ്യപ്പെട്ടാൽ അപേക്ഷാനുസരണം ഒരേ ആവശ്യത്തിനായി ഒന്നിലേറെ വൈദ്യുതി കണക്ഷൻ നൽകുന്നതാണ്.

ഇതിന് ആധാരത്തിന്റെയോ പാട്ടക്കരാറിന്റെയോ  സർട്ടിഫൈഡ് / അറ്റസ്റ്റ് ചെയ്ത പകർപ്പ്, തദ്ദേശ ഭരണകൂടം നൽകുന്ന ഉടമസ്ഥാവകാശ രേഖ, അംഗീകൃത വാടക/പാട്ടക്കരാർ, തദ്ദേശ ഭരണകൂടം നൽകുന്ന കൈവശാവകാശ രേഖ എന്നിവയിലൊന്നോ ഓരോ കുടുംബത്തിനും വ്യത്യസ്ത റേഷൻ കാർഡുകളുണ്ടെന്നതിന്റെ രേഖാമൂലമുള്ള തെളിവോ ഹാജരാക്കണം.

വ്യത്യസ്ത കുടുംബങ്ങൾ വെവ്വേറെ താമസിക്കുന്ന തറവാട് വീടുകളിൽ പ്രവേശനകവാടം പൊതുവാണെങ്കിലും അപേക്ഷാനുസരണം വ്യത്യസ്ത വൈദ്യുതി കണക്ഷനുകൾ നൽകാവുന്നതാണ്. അതിന്, ഓരോ വ്യത്യസ്ത താമസ ഇടത്തിനും വ്യത്യസ്ത കെട്ടിട നമ്പരുകൾ ഉണ്ടായിരിക്കേണ്ടതും, അവ വൈദ്യുതിപരമായി വേർതിരിവ്  (Electrical segregation) പുലർത്തേണ്ടതുമാണ്.

(വൈദ്യുത പരിസരം - Premise: അപേക്ഷയിൽ/ വൈദ്യുതി കണക്ഷനുള്ള എഗ്രിമെന്റിൽ/ കണക്റ്റഡ് ലോഡ് അഥവ കോൺട്രാക്റ്റ് ഡിമാൻഡ് പുതുക്കുവാനുള്ള രേഖയിൽ വ്യക്തമാക്കിയിട്ടുള്ള വിശദാംശങ്ങളിലും സ്കെച്ചുകളിലും ഉൾപ്പെടുന്ന സ്ഥലമോ കെട്ടിടമോ നിർമ്മിതിയോ.)