തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ വൈദ്യുതി മന്ത്രി അടിയന്തര യോഗം വിളിച്ചു
തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ വൈദ്യുതി മന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 11ന് ഓൺലൈൻ ആയിട്ടാണ് യോഗം. കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അതേസമയം നെടുമങ്ങാട് അക്ഷയ് ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബി ചീഫ് എഞ്ചിനീയർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കെഎസ്ഇബിയുടെ വീഴ്ചയാണ് കാരണമെന്നാണ് ആരോപണം.
റിപ്പോർട്ട് വന്നതിന് ശേഷം കേസ് കൊടുക്കുന്നതിൽ തീരുമാനത്തിലെത്തുമെന്ന് കുടുംബം അറിയിച്ചു. കുടുംബത്തിന് കെഎസ്ഇബി 25000 രൂപ അടിയന്തര ധനസഹായം നൽകി. അതിനിടെ അക്ഷയ് ഷോക്കേറ്റ് മരിച്ച പ്രദേശത്തെ ഭീഷണിയായ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി. ഉടമയുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റിയത്. പ്രദേശത്ത് ഇന്നലെയും അപകട സാധ്യതയുള്ള മരച്ചില്ലകൾ മുറിച്ച് മാറ്റിയിരുന്നു.
