ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; എല്ലാ ക്ലാസ് യാത്രക്കാർക്കും രണ്ടുനേരം സദ്യ ലഭിക്കും

  1. Home
  2. Kerala

ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; എല്ലാ ക്ലാസ് യാത്രക്കാർക്കും രണ്ടുനേരം സദ്യ ലഭിക്കും

Sadhya


ആകാശത്ത് ഓണസദ്യ വിളമ്പാനൊരുങ്ങി യു.എ.ഇ.യുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31 വരെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും വരുന്ന യാത്രക്കാര്‍ക്കാണ് ഇലയില്‍ ഓണസദ്യ വിളമ്പുക. പ്രത്യേകം പാത്രങ്ങളിലാണ് സദ്യ വിളമ്പുന്നതെങ്കിലും കഴിക്കാനായി പേപ്പര്‍ വാഴയിലകൾ നൽകും. എമിറേറ്റ്‌സിലെ മലയാളി പാചക വിദഗ്ധരാണ് ഓണസദ്യയൊരുക്കുക.

ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, പച്ചടി, കിച്ചടി, കാളന്‍, പുളിയിഞ്ചി, പപ്പടം, അച്ചാര്‍, ചോറ്, പായസം, കൂടാതെ ആലപ്പുഴ മീന്‍കറി, മട്ടന്‍ പെപ്പര്‍ ഫ്രൈയും എന്നീ വിഭവങ്ങളെല്ലാം സദ്യയിലുണ്ടാകും. ഓണത്തിന് എമിറേറ്റ്സിന്റെ സര്‍പ്രൈസ് മെനുവാണിത്. എല്ലാ ക്ലാസ് യാത്രക്കാര്‍ക്കും ഈ ദിവസങ്ങളില്‍ ഉച്ചയ്ക്കും രാത്രിയും ഇലയില്‍ ഓണസദ്യ ലഭിക്കുമെന്നാണ് വിവരം.  എന്നാൽ അതിരാവിലെയുള്ള യാത്രകളില്‍ സദ്യ ലഭിക്കില്ല.

ദിവസവും 2000 പേര്‍ക്കുള്ള സദ്യയാണ് എമിറേറ്റ്‌സ് തയ്യാറാക്കുന്നത്. രണ്ടുകൂട്ടം പായസത്തോടൊപ്പമാണ് സദ്യ ലഭിക്കുക. ഓണ്‍ബോര്‍ഡില്‍ തൂശനിലയില്‍ സദ്യ വിളമ്പാനുള്ള അസൗകര്യം കണക്കിലെടുത്താണ് പ്രത്യേകം ബോക്‌സുകളില്‍ നല്‍കുന്നതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ഇതോടൊപ്പം ഓണത്തിന് മലയാള സിനിമകൾ കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.