ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇഎം രാധ അന്തരിച്ചു
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇഎം രാധ അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായിരുന്ന രാധ വയോജന കമ്മീഷൻ അംഗവും വനിതാ കമ്മീഷൻ മുൻ അംഗവുമായിരുന്നു.
വനിതാ കമ്മീഷൻ അംഗമായിരിക്കെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
എഴുത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയയായ രാധ, ഇഎംഎസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെക്കുന്ന 'ഇഎംഎസ് - മകളുടെ ഓർമകൾ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വ്യക്തിത്വമായ ഇഎംഎസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കൃതിയാണിത്.
വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സിലായിരുന്നു താമസം. ഭർത്താവ് സി.കെ. ഗുപ്തൻ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാണ്. മകൻ സിദ്ധാർഥ് ഗുപ്തൻ, മരുമകൾ സ്നേഹപ്രിയ.
