അവയവക്കച്ചവട കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
അവയവക്കച്ചവടത്തിനായി വ്യാജ രേഖകൾ ചമച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലേക് ഷോര്‍ എംഡി, എസ് കെ അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തു. ലേക്‌ഷോര്‍ അടക്കമുള്ള ആശുപത്രികളില്‍ റെയ്ഡുകള്‍ നടത്തിയതിന് പിന്നാലെയാണ് ഇ ഡി നടപടി.
കഴിഞ്ഞമാസം ലേക്ക്‌ഷോര്‍ അടക്കമുള്ള ആശുപത്രികളിലും, മുഖ്യകണ്ണി മുഹമ്മദ് നജീബിന്റെ വീട്ടിലും അടക്കം 9 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പിടിച്ചെടുത്ത രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് ലേക്‌ഷോര്‍ ആശുപത്രിയുടെ എംഡി എസ് കെ അബ്ദുള്ളയെ ചോദ്യം ചെയ്തത്.
കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസെടുത്തതിന് പിറകെ ഒളിവിൽപോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകൾ ഉപയോഗഹിച്ചുള്ള അവയവ വാണിഭം.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യകണ്ണി നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷൻ നൽകിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
