'ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പി. രാജീവ്
കേരളത്തിൽ കപ്പൽ നിർമ്മാണശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പരിഹാസവും വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ് രംഗത്ത്. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് പി. രാജീവ് പരിഹസിച്ചു. ഒരു ഭരണാധികാരിയുടെ ഔദ്യോഗിക പ്രസ്താവന ഒരു കമ്പനിക്ക് പരസ്യമായി തള്ളേണ്ടി വരുന്നത് ടാറ്റയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും ഇത് കേരളത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ കഴിഞ്ഞ ദിവസം സർക്കാർ നൽകിയ വിശദീകരണ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി 'എട്ടുകാലി മമ്മൂഞ്ഞാകാൻ' ശ്രമിക്കുകയാണെന്ന് പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലബാർ സിമന്റ്‌സും ടാറ്റ പ്രോജക്ട്‌സിന്റെ ഭാഗമായ ആർട്‌സൺ എൻജിനീയറിങ്ങും ചേർന്ന് കൊച്ചിയിൽ സ്ഥാപിക്കുന്ന കപ്പൽ നിർമ്മാണ യൂണിറ്റ് യുഡിഎഫ് സർക്കാരിന്റെ 'മിഷൻ സമുദ്ര'യുടെ ഭാഗമാണെന്ന വാദം തെറ്റാണ്. ഈ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, 2025-ലെ 'ഇൻവെസ്റ്റ് കേരള'യുടെ ഭാഗമായി ഒപ്പുവെച്ചതാണെന്നും അതിന്റെ നടപടികൾ തങ്ങളുടെ സർക്കാർ പൂർത്തിയാക്കിയതാണെന്നും രാജീവ് അവകാശപ്പെട്ടു.
"മുഖ്യമന്ത്രി ഫിക്ഷൻ (ഭാവനാലോകം) അധികം വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യങ്ങൾ യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുകയാണ്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ അത് ആധികാരികമായിരിക്കണം. 2025 ജൂലൈയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും തമ്മിൽ എൽഡിഎഫ് ഭരണകാലത്ത് ഒപ്പുവെച്ച മറ്റൊരു കരാറുണ്ട്. നാളെ ഒരുപക്ഷേ ഇതും തന്റെ മിഷൻ സമുദ്രയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടേക്കാം," പി. രാജീവ് പരിഹസിച്ചു.
താൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ ടാറ്റ ചെയർമാനെ നേരിട്ട് കണ്ട് രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിരുന്നതായി പി. രാജീവ് ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ ഇങ്ങോട്ട് വന്ന് 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷത്താണെങ്കിലും സന്തോഷിച്ചതാണ്. എന്നാൽ, ടാറ്റ അത് തള്ളിയപ്പോൾ മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
