'എല്ലാം ആർ.എസ്.എസിനെ പ്രീണിപ്പിക്കാൻ, പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിൽ'; യു.ഡി.എഫ് സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ

  1. Home
  2. Kerala

'എല്ലാം ആർ.എസ്.എസിനെ പ്രീണിപ്പിക്കാൻ, പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിൽ'; യു.ഡി.എഫ് സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ

pinarayi


യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യു.ഡി.എഫ് സർക്കാരെന്നും കാര്യങ്ങളെല്ലാം ആർ.എസ്.എസിനെ പ്രീണിപ്പിക്കാനാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ മാത്തിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണമാറ്റം സംഭവിച്ചാലും കേരളത്തിന്റെ പൊതുരീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെട്ടത്. എന്നാൽ മന്ത്രിസഭാ സത്യപ്രതിജ്ഞയിലും സ്വാതന്ത്ര്യദിനാഘോഷങ്ങളിലും വന്ദേമാതരം നിർബന്ധമാക്കിയത് ആർ.എസ്.എസിനെ പ്രീതിപ്പെടുത്താനാണ്. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുൻ നിയമസഭ ഏകകണ്ഠമായി പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും, ഭരണം മാറിയതോടെ ആർ.എസ്.എസ് അജണ്ടയ്ക്ക് യു.ഡി.എഫ് വഴങ്ങുകയാണ് ചെയ്തതെന്ന് പിണറായി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഗവർണറുടെ ഇടപെടലുകൾക്കെതിരെ സംസാരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. എൽ.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള പയ്യന്നൂർ മണ്ഡലത്തിലെ തോൽവിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാർട്ടിക്കകത്ത് നിന്ന് ചിലർ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചുവെന്നും കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.