മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: മുൻസിഫ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

  1. Home
  2. Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: മുൻസിഫ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

protest


എറണാകുളം മലയിടംതുരുത്തിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തന്നെ സാവകാശം അനുവദിച്ച കേസിൽ, ഒമ്പതിനകം ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ മുൻസിഫ് കോടതി അന്തിമ നിർദേശം നൽകിയത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്.

പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കുടിയൊഴിപ്പിക്കൽ വേഗത്തിലാക്കണമെന്ന നിർദേശം മുൻസിഫ് കോടതി ആവർത്തിച്ചത്. അതേസമയം, കുടിയൊഴിപ്പിക്കലിനായി മറ്റന്നാൾ വീണ്ടും മലയിടംതുരുത്തിലെത്താനാണ് അഭിഭാഷക കമ്മീഷന്റെ നീക്കം.

വിഷയത്തിൽ റവന്യു മന്ത്രിയും പിന്നോക്ക ക്ഷേമ മന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രിമാരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണെന്നും കേരള ദരിദ്ര ഭൂരഹിത കർഷക തൊഴിലാളി സംഘടനയുടെ പ്രവർത്തകൻ അഷറഫ് അറിയിച്ചു. പുറംപോക്ക് ഭൂമി അളക്കാനുള്ള നടപടി സ്വീകരിക്കാമെന്നും സർക്കാർ തലത്തിൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കോടതി നിർദേശപ്രകാരം കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.