പരീക്ഷാ ക്രമക്കേട്:മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് പിഎസ്സി

  1. Home
  2. Kerala

പരീക്ഷാ ക്രമക്കേട്:മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് പിഎസ്സി

psc


പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകേണ്ടതില്ലെന്ന് പിഎസ്സി യോഗത്തിൽ തീരുമാനം. എസ്‌സിയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമം നടക്കുന്നതായും യോഗത്തിൽ വിമർശനമുയർന്നു. അന്വേഷണസംഘമായ എസ്ഐടി പിഎസ്സി ഓഫീസിലെത്തി മൊഴിയെടുക്കണമെന്നാണ് യോഗത്തിന്റെ നിലപാട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

അതേസമയം, മൊഴിയെടുക്കേണ്ട സ്ഥലം തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഈ മാസം 15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്.പി. സഖറിയയാണ് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയത്. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിൻറെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്.

പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും, ഈ രണ്ട് ഉദ്യോഗസ്ഥരാണ് മൂല്യനിർണയം നടത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.