എക്‌സൈസ് വിവാദം തുടരുന്നു; സീറാം സാംബ ശിവ റാവുവിനെതിരെ പരാതി നൽകി മധ്യ മേഖല ജോയിന്റ് കമ്മീഷണർ
എക്‌സൈസ് വകുപ്പിലെ വിവാദം പുതിയ തലത്തിലേക്ക്. മുൻ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി മധ്യമേഖല ജോയിന്റ് കമ്മീഷണർ എസ്. വിനോദ് കുമാർ. തനിക്കെതിരെ സീറാം സാംബശിവറാവു ഉന്നയിച്ച കൈക്കൂലി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഗംഗ ബാറിൽനിന്ന് താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വിനോദ് കുമാർ പരാതിയിൽ പറയുന്നു. ബാർ ഉടമകളുമായോ ലൈസൻസ് നടപടികളുമായോ തനിക്ക് ബന്ധമില്ലെന്നും ഇൻഫോർമറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സീറാം സാംബശിവറാവു റിപ്പോർട്ട് തയ്യാറാക്കിയതെന്നും വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മുൻ എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ പരാതി. റിപ്പോർട്ടിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനുള്ള നീക്കവും സജീവമാണ്. ഇതോടെ എക്‌സൈസ് വകുപ്പിലെ വിവാദം കൂടുതൽ രൂക്ഷമാകുകയാണ്
