ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; വണ്ടിയിടിപ്പിച്ചു, തലക്ക് സാരമായി പരിക്ക്

വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു.
പ്രതി അഞ്ചാം മൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ദാരുണസംഭവമുണ്ടായത്.