എക്‌സാലോജിക് കേസ്: ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; സി.എം.ആർ.എല്ലിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി

  1. Home
  2. Kerala

എക്‌സാലോജിക് കേസ്: ഇ.ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; സി.എം.ആർ.എല്ലിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി

bomb threat in kerala highcourt security


സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. ഇ.ഡി അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ (CMRL) നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ ഇ.ഡിക്ക് നിലവിലെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കൃത്യമായ ഒരു അടിസ്ഥാന കേസ് ഇല്ലാതെയാണ് ഇ.ഡി സമൻസ് അയക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോയതെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ വാദിച്ചു. തുടർന്ന് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം കോടതിയെ ധരിപ്പിച്ചു. എന്നാൽ, രണ്ട് വർഷത്തോളമായി നീണ്ടുനിൽക്കുന്ന കേസായതിനാൽ ഇനി ഇത് വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്ന് തന്നെ കേസിൽ വിശദമായ വാദം കേൾക്കാമെന്നും ഹൈക്കോടതി ഇരുവിഭാഗത്തെയും അറിയിക്കുകയായിരുന്നു.

ഇന്ന് തന്നെ വിശദമായ വാദം കേൾക്കാമെന്ന നിർദ്ദേശം ഇരുവിഭാഗവും കോടതിയിൽ സമ്മതിച്ചു. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്ററർ ജനറലാണ് കോടതിയിൽ ഹാജരായത്. കേസിന്റെ വാദം പൂർത്തിയാകുന്നത് വരെ ഇ.ഡി അന്വേഷണത്തിന് താൽക്കാലിക സ്റ്റേ എങ്കിലും വേണമെന്ന സി.എം.ആർ.എല്ലിന്റെ ശക്തമായ ആവശ്യം കോടതി പൂർണ്ണമായും നിരാകരിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.