മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സംവിധാനങ്ങൾ പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഉറപ്പുനൽകി. പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കർശന നിലപാടിനെ തുടർന്നാണ് സമിതിയുടെ ഈ തീരുമാനം.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം, തേക്കടിയിൽ വെച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സമിതി വിശദമായ ചർച്ച നടത്തി. യോഗത്തിൽ ഭൂകമ്പ സാധ്യതകൾ, അതിതീവ്ര മഴയെത്തുടർന്നുണ്ടാകുന്ന പ്രളയ ഭീഷണി, അണക്കെട്ടിന്റെ ഘടനാപരമായ സ്ഥിരത എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
മുൻകാല പഠനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ കേരളം, ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്നാണ് ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്താമെന്ന് സമിതി സമ്മതിച്ചത്. അണക്കെട്ടിന്റെ ബലക്ഷയവും ജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
