തൃശ്ശൂരിൽ സിപിഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ 14 പേരിൽ എട്ടുപേരും രാജിവച്ചു

  1. Home
  2. Kerala

തൃശ്ശൂരിൽ സിപിഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ 14 പേരിൽ എട്ടുപേരും രാജിവച്ചു

cpi


തൃശ്ശൂരിലെ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.

14 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവെച്ചത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം. സിസി മുകുന്ദൻ എംഎൽഎയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നു. എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതിൽ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നും വാർത്താകുറിപ്പിൽ പറയുന്നു.

2 വർഷത്തോളമായി മണ്ഡലം സെക്രട്ടറി പി വി അശോകൻ്റെയും, ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ് കുമാറിൻ്റെയും നേതൃത്വത്തിൽ പാർട്ടി സംഘടന വിരുദ്ധ പ്രവർത്തനങ്ങളും , വിഭാഗീയത പ്രവർത്തനങ്ങളും, പാർട്ടി പ്രവർത്തകരിൽ അടിച്ചേൽപ്പിച്ച് ഏകാധിപത്യ പ്രവണതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഐ പ്രവർത്തകർ പറയുന്നു.

ഒരു തെറ്റും ചെയ്യാത്ത സി സി മുകുന്ദൻ എംഎൽഎയുടെ അഡീഷ്ണൽ. പിഎ യും സിപിഐ ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന അസ്ഹർ മജീദിനെ മണ്ഡലം സെക്രട്ടറി പി.വി അശോകൻ്റെയും മറ്റു തത്പര കക്ഷികളുടെയും വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ച് പുറത്താക്കിയത് ലോക്കൽ കമ്മിറ്റിൽ പോലും ചർച്ച ചെയ്യാതെയും , പല പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചു കൊണ്ടുമാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ഒരു അഭിപ്രായവും വിലക്കെടുക്കാതെ നീതി പൂർവമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും വാർത്താകുറിപ്പിലുണ്ട്.