'വസ്തുതാപരമായ പിശക്, പ്രസ്താവന പിൻവലിക്കുന്നു'; സ്കൂൾ വെടിവെപ്പ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടി.എം ശശി എം.എൽ.എ

  1. Home
  2. Kerala

'വസ്തുതാപരമായ പിശക്, പ്രസ്താവന പിൻവലിക്കുന്നു'; സ്കൂൾ വെടിവെപ്പ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടി.എം ശശി എം.എൽ.എ

t m sasi


പാലക്കാട് പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ടി.എം ശശി എം.എൽ.എ രംഗത്തെത്തി. പട്ടാമ്പിയിലെ സ്കൂളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസ്സിലാക്കുന്നതായും, വിവാദമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിലൂടെ അറിയിച്ചു.

വെടിവെപ്പിന് വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണമെന്നും, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെപ്പ് നടന്ന ദിവസം വൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സഹപാഠികൾക്കിടയിൽ ആളാകുന്നതിന് വേണ്ടി ക്ലാസിൽ കൊണ്ടുവന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും എം.എൽ.എ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തെറ്റിദ്ധരിക്കപ്പെട്ട വാർത്തയുടെ നിജസ്ഥിതി..

ഇന്നലെ (25/11/2026) വൈകുന്നേരം പഴമ്പാലക്കോടിൽ നടന്ന ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ ഞാൻ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ഇന്ന് രാവിലെ മുതൽ ചില ചാനലുകളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വിവാദപരമായ വാർത്തക്ക് കാരണമായി എന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾക്ക് ആദ്യമേതന്നെ ഖേദം പ്രകടിപ്പിക്കുന്നു.

രക്ഷകർത്താക്കളാലും, അധ്യാപകരാലും തൊണ്ണൂറ് ശതമാനത്തിലധിവും തിങ്ങി നിറഞ്ഞ സദസിൽ കലോത്സവം കുട്ടികളുടെ സർഗാത്മക വളർച്ചക്ക് വളരെയധികം സഹായകരമാകുമെന്നും,പുതിയ തലമുറയിൽ വളർന്നു വരുന്ന അക്രമവാസനകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ജീവിതത്തിൽ ക്ഷമയും സഹനവും തോൽവിയും ശീലിക്കുന്നതിന് കലോത്സവ അനുഭവങ്ങൾ ഉപകാരപ്രദമായിരിക്കുമെന്നുമാണ് ഞാൻ പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞത്.പ്രസംഗത്തിന്റെ ബൈറ്റ് കേൾക്കുന്ന ആർക്കും ഇത് മനസിലാക്കാവുന്നതേയുള്ളു. എന്നാൽ പുതിയ തലമുറയിലെ അക്രമവാസനക്ക് ഉദാഹരണമായി അടുത്തിടെ നടന്ന രണ്ട് അനിഷ്ട സംഭവങ്ങളായ കൊല്ലത്ത് ചെറുമകൾ മുത്തച്ഛനെ പ്ലാൻ ചെയ്തു കൊലപ്പെടുത്തിയതും, പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിൽ നടന്ന വെടിവയ്പ്പും ഞാൻ ഉദാഹരണമായി സൂചിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിന് തൊട്ട് മുൻപത്തെ ദിവസം പാലക്കാട് പട്ടാമ്പിയിലെ ഒരു സ്കൂളിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നു. വെടിവെപ്പിനു വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെയ്പ്പ് നടന്ന ദിവസം (24/11/2026) വൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടതാണ് പ്രസംഗസമയം മനസ്സിൽ വന്നതും, പ്രസംഗത്തിൽ സൂചിപ്പിച്ചതും. എന്നാൽ സഹപാഠികൾക്കിടയിൽ ആളാകുന്നതിന് വേണ്ടി ക്ലാസിൽ കൊണ്ട് വന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് അടുത്ത ദിവസം (25/11/2026) മാധ്യമങ്ങൾ തലേന്ന് കൊടുത്ത വാർത്തയിൽ നിന്ന് വ്യത്യസ്തമായി സംഭവത്തിൽ വ്യക്തത വരുത്തിയത് തിരക്കിനിടയിൽ എനിക്ക് ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ ആദ്യ ദിവസത്തെ വാർത്തയുടെ മാത്രം അടിസ്ഥാനത്തിലും അറിവിലും പ്രസംഗിച്ചത് ശരിയായില്ല എന്ന് ഞാൻ മനസിലാക്കുന്നു.

പൊതുപ്രവർത്തകൻ എന്ന നിലയിലും,ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രം പൊതുവേദിയിൽ അവ പരാമർശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയിൽ പുലർത്തുന്നതാണ്.ഇന്നലത്തെ പ്രസംഗത്തിൽ സ്കൂൾ വെടിവെയ്പുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിരുപാധികം പിൻവലിക്കുന്നതോടൊപ്പം ഒരിക്കൽ കൂടി ഖേദം പ്രകടിപ്പിച്ച് കൊള്ളുന്നു.