സണ്ണി ജോസഫിന്റെ പേരിലുള്ള വ്യാജ കത്ത്: കെ. സുധാകരന്റെ മരുമകന്റെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ഊർജിതം

  1. Home
  2. Kerala

സണ്ണി ജോസഫിന്റെ പേരിലുള്ള വ്യാജ കത്ത്: കെ. സുധാകരന്റെ മരുമകന്റെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ഊർജിതം

sunny


കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പേരിൽ എഐസിസിക്ക് അയച്ചുവെന്ന വ്യാജ കത്തുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കെ. സുധാകരന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ അജിത്തിന്റെ മൊഴി കണ്ണൂർ സൈബർ സെൽ രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫോൺ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

മുതിർന്ന നേതാവ് കെ. സുധാകരനെതിരെയും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്തും തയ്യാറാക്കിയ കത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കത്ത് വ്യാജമാണെന്നും ഇതിന് പിന്നിൽ കോൺഗ്രസ് വിരുദ്ധ ശക്തികളാണെന്നും ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് ഡിജിപിക്ക് നൽകിയ പരാതിയിലാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണോ അതോ സി.പി.എം കേന്ദ്രങ്ങളിൽ നിന്നാണോ കത്ത് നിർമ്മിക്കപ്പെട്ടത് എന്നാണ് സൈബർ സെൽ പ്രധാനമായും പരിശോധിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഏഴോളം പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കെപിസിസിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് ഈ കത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത്. സുധാകരൻ മത്സരിച്ചാൽ തോൽക്കുമെന്ന തരത്തിലുള്ള ഉള്ളടക്കമാണ് കത്തിലുണ്ടായിരുന്നത്. കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച ഈ സംഭവത്തിൽ കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.