മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണം 18 ആയി, 600 പേർ ആശുപത്രിയിൽ
മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാല് ജില്ലകളിലായി ആയിരത്തോളം പേർ ചികിത്സ തേടിയിട്ടുണ്ട്. 12-ലധികം പേർ ഇംഫാലിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തിനിടെ ചന്ദേൽ ജില്ലയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശങ്ങളിലും വ്യാജമദ്യം വിതരണം ചെയ്തിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് സുന്നു, ചപ്കികരോങ് ഉൾപ്പെടെയുള്ള മേഖലകളിൽ പരിശോധന ശക്തമാക്കി.
പൊലീസ്, എക്‌സൈസ്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വ്യാപക റെയ്ഡുകൾ പുരോഗമിക്കുകയാണ്. വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനുമുള്ള നടപടികൾ തുടരുന്നു.
