കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിലെ ഫീസ് വർധനവ്; ബജറ്റ് തീരുമാനം ഇരുട്ടടിയാകുക സ്ത്രീകൾക്ക്

  1. Home
  2. Kerala

കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിലെ ഫീസ് വർധനവ്; ബജറ്റ് തീരുമാനം ഇരുട്ടടിയാകുക സ്ത്രീകൾക്ക്

court order


കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിൽ ഫീസ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം ഇരുട്ടടിയാകുക സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ കുടുംബ കോടതികളിൽ എത്തുന്ന വസ്തു സംബന്ധമായ കേസുകളിൽ ഫീസ് 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 200 രൂപ മുതൽ 2 ലക്ഷം വരെയാക്കിയാണ് വർധിപ്പിച്ചത്. കുടുംബ കോടതികളിലെ വസ്തു സംബന്ധമായ കേസുകളിൽ പരാതിക്കാർ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതും ഇവരിൽ തന്നെ പരാശ്രയമില്ലാതെ കഴിയുന്നവരാണ് അധികവും. ഇവരെയാണ് സർക്കാർ തീരുമാനം ബാധിക്കുക. 

തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് തിരികെ ലഭിക്കാൻ പങ്കാളിക്ക് എതിരെ കുടുംബ കോടതികളിൽ നൽകുന്നതാണ് ഈ കേസ്. പരാതിക്കാർ ഇത്തരം കേസുകളിൽ നിലവിൽ 50 രൂപ ഫീസാണ് ഹർജി സമർപ്പിക്കുമ്പോൾ നൽകുന്നത്. കുടുംബ കോടതികളിൽ എത്തുന്ന പരാതിക്കാരിൽ ബഹുഭൂരിപക്ഷവും ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നോ പീഡനം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെടുന്ന സ്ത്രീകളാണ്.

സംസ്ഥാന ബജറ്റിൽ നാലാം ഭാഗത്തിൽ 571 ആം പോയിന്റാണ് ഇക്കാര്യം പറയുന്നത്. ആവശ്യപ്പെടുന്ന തുകയുടെ മൂല്യം അനുസരിച്ച് മൂന്ന് വിഭാഗമാക്കി തിരിച്ചാണ് പുതിയ പരിഷ്‌കാരം സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. തർക്ക വിഷയത്തിലെ തുക ഒരുലക്ഷം രൂപ വരെയാണെങ്കിൽ 200 രൂപയാണ് ഫീസ്. ഒന്നു മുതൽ 5 ലക്ഷം രൂപ വരെ ആണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെങ്കിൽ അര ശതമാനം തുക ഫീസായി നൽകണം. 500 രൂപ മുതൽ 2500 രൂപ വരെ ആയിരിക്കും ഈ വിഭാഗത്തിലെ ഫീസ്. ഇതിനു മുകളിലേക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാർ കുറഞ്ഞത് 5000 രൂപ മുതൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ ഫീസ് ആയി പരാതിക്കൊപ്പം തന്നെ നൽകണം. കുടുംബ കോടതികളിലെ ഈ ഫീസ് വർധന വഴി 50 കോടി രൂപയുടെ മാത്രം അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.