മൂന്ന് വയസുകാരി മകളെ എവിടെ തിരയുമെന്നറിയാതെ റൗഫ്; കുടുംബത്തിലെ എട്ട് പേർ കാണാ മറയത്ത്

  1. Home
  2. Kerala

മൂന്ന് വയസുകാരി മകളെ എവിടെ തിരയുമെന്നറിയാതെ റൗഫ്; കുടുംബത്തിലെ എട്ട് പേർ കാണാ മറയത്ത്

RUFI


അപ്രതീക്ഷിതമായി സകലതും കവർന്നെടുത്ത ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട അനേകം പേരാണ് മുണ്ടക്കൈ പ്രദേശത്തുള്ളത്. ജീവൻ ബാക്കിയായവർ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ തളർന്നിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ്. മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അവരിൽ ഒരാളാണ് റൗഫും. തന്റെ മൂന്ന് വയസുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേരെയാണ് ആ യുവാവ് കാത്തിരിക്കുന്നത്. ജീവനോടെ ഉണ്ടോ മരണപ്പെട്ടോ എന്ന് പോലും അറിയാൻ കഴിയാത്ത അനിശ്ചിതത്വത്തിലും എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് റൗഫ് അവിടെ തുടരുന്നത്.

സൂഹി സാഹ എന്ന മൂന്ന് വയസുകാരിയുടെ പിതാവാണ് റൗഫ്. ചൂരൽമലയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു അവർ. ഉരുൾപൊട്ടലുണ്ടാകുമ്പോൾ ആ വീട്ടിലുണ്ടായിരുന്നത് ആകെ 13 പേരാണ്. അതിൽ അഞ്ച് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. സൂഹി അടക്കം എട്ട് പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

തന്റെ ഭാര്യയുടെയും ചേച്ചിയുടെയും അവരുടെ ഭർത്താവിന്റെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ റൗഫ് ഒരു മരവിപ്പോടെയാണ് അവിടെ തുടരുന്നത്. അവരുടെ അനിയന്റെ ശരീരം അങ്ങകലെ നിലമ്പൂരിൽ നിന്നാണ് ലഭിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പുറത്തേക്ക് ഇറങ്ങിയത് കാരണം മലവെള്ളത്തോടൊപ്പം പോയതാവാമെന്നാണ് നിഗമനം.

റൗഫിനെപ്പോലെ നിരവധി പേരാണ് മുണ്ടക്കൈ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി അവശേഷിക്കുന്നത്. കുടുംബത്തിലെ എല്ലാവരെയും നഷ്‌ടപ്പെട്ടവർ, മക്കളുടെയും ഉറ്റവരുടെയും ഒന്നും വിവരം കിട്ടാതെ ബുദ്ധിമുട്ടുന്നവർ അങ്ങനെ മേപ്പാടി കമ്മ്യൂണിറ്റി ഹാളിലെയും പരിസരത്തെ കാഴ്‌ചകൾ ശരിക്കും കണ്ണ് നനയിക്കുന്നതാണ്.

അതേസമയം, മുണ്ടക്കൈ, ചൂരലമൽ ഭാഗങ്ങളിൽ അവശിഷ്‌ടങ്ങൾക്കടിയിൽ ആരും ജീവനോടെയില്ലെന്ന നിഗമനത്തിലാണ് ഇന്നത്തെ തിരച്ചിൽ പുരോഗമിക്കുന്നത്. ഇനി ആരെയും ജീവനോടെ കണ്ടെത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഇന്ന് 40 ടീമുകൾ ആറ് മേഖലകളിൽ തിരിഞ്ഞ് തിരച്ചിൽ നടത്തുകയാണ്.