കുഞ്ഞ് മാലാഖയ്ക്ക് വിട; ആലിന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
അവയവദാന ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞു മാലാഖ മടങ്ങി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിയിലാണ് ആലിന്റെ അന്ത്യവിശ്രമം. ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പൊലീസ് സേന ആലിൻ ഷെറിന് ആദരമർപ്പിച്ചു. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പൊലീസ് ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം
കുഞ്ഞുമാലാഖയ്ക്ക് യാത്രമൊഴിയേകാൻ ജനസാഗരമാണ് മല്ലപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനമുണ്ടായിരുന്നത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉൾപ്പെടെ നിരവധിപേർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദർശനത്തിന് സൗകര്യമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏക മകളാണ്, പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം.മസ്തിഷ്‌കമരണത്തെത്തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനം നടത്തി നാല് കുട്ടികൾക്ക് പുതുജീവൻ നൽകിയത്.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം.
ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. വെള്ളിയാഴ്ച ഉച്ചയോടെ ഡോക്ടർമാർ കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.
ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവുമാണ് ദാനം ചെയ്തത്
