ചിരിയുടെ തമ്പുരാന് വിട

  1. Home
  2. Kerala

ചിരിയുടെ തമ്പുരാന് വിട

image


മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പതിറ്റാണ്ടുകളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ചിരിയുടെ തമ്പുരാൻ സലിംകുമാറിന് വിട .ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന്റെ മരണം സംഭവിച്ചത്. വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കരൾ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മിമിക്രിയുടെ ലോകത്തു നിന്നുമാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടൻ എന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം.

മലയാളത്തിലെ ട്രോളന്മാർ ഏറ്റവും കൂടുതൽ ആഘോഷിച്ച താരങ്ങളിൽ ഒരാളും സലിംകുമാർ ആയിരുന്നു. ശശി എന്ന പേര് കോമഡിയായത് 'ചതിക്കാത്ത ചന്തു' എന്ന സിനിമയോടെയാണ്.
ഈ രാജാവിന്റെ പേരെന്താണ്?' എന്ന് ചോദിക്കുമ്പോൾ 'ശശി, തിരുവിതാംകൂർ രാജാവ്' എന്നൊക്കെ അപ്പോൾ കൈയിൽ നിന്ന് എടുത്തിട്ടതാണ് എന്ന് മുൻപ് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ന് പല ന്യൂ ജനറേഷൻ പിള്ളേരും പറയുന്ന പല തഗ് ഡയലോഗുകളും അദ്ദേഹത്തിൻറെ സംഭാവനകളാണ്.

അതു പോലെ മലയാളം സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ മുൻപിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ് തെങ്കാശി പട്ടണത്തിലെ കള്ളൻ, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിവ.

1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് സലിംകുമാർ അർഹനായി.ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല കൂടുതൽ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്നും അദ്ദേഹം തെളിയിച്ച ചിത്രം കൂടിയായിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്.
2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.