ചങ്ങനാശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം

  1. Home
  2. Kerala

ചങ്ങനാശേരിയിൽ അച്ഛനും അമ്മയും മകനും മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം

changanassery death


ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ബെഡ്‌റൂമിലും മകൻ സബിന്റെ മൃതദേഹം സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏറെ വൈകിയിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് അസ്വാഭാവികമായ അതിക്രമങ്ങൾ നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

കുടുംബത്തിന് കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുൻപ് പലചരക്ക് കട നടത്തിയിരുന്ന ഇവർ നിലവിൽ വീടിന്റെ മുകൾ നിലയിൽ ഹോംസ്‌റ്റേ നടത്തിവരികയായിരുന്നു. സബിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.