അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

  1. Home
  2. Kerala

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

fire


അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാബൂസ് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ വൻ തീപിടിത്തം. ഓണവിപണി മുന്നിൽക്കണ്ട് സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഉത്രാടദിനമായ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികൾ തീ കണ്ടയുടൻ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

പലചരക്ക് സാധനങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉള്ളതിനാൽ തീ നിമിഷനേരംകൊണ്ട് ആളിപ്പടരുകയായിരുന്നു. അങ്കമാലിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി എത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ദേശീയപാതയോരത്തുള്ള കെട്ടിടത്തിലുണ്ടായ അപകടവും ഓണത്തിരക്കും കാരണം അങ്കമാലി-ആലുവ ദേശീയപാതയിൽ മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാഴ്ചക്കാരായി ആളുകൾ തടിച്ചുകൂടിയതും വാഹനങ്ങൾ നിർത്തി ദൃശ്യങ്ങൾ പകർത്തിയതും ഫയർഫോഴ്സ് വാഹനങ്ങളുടെ നീക്കത്തെയും ബാധിച്ചു.