പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്;50 കോടിയുടെ നഷ്ടമെന്ന് പരാതി
കോഴിക്കോട് പാളയം ജയലക്ഷ്തി സിൽക്സിലുണ്ടായ തീപിടുത്തത്തിൽ കേസെടുത്ത് കോഴിക്കോട് ടൗൺ പോലീസ്.സ്ഥാപനത്തിന്റെ മാനേജർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതേസമയം കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അഗ്‌നിശമന സേനയുടെ പരിശോധനാ റിപ്പോർട്ട്.
കെട്ടിടത്തിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നുവെന്നും കൂടുതൽ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ വൻതീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും കോർപ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്.
ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുക ഉയർന്നപ്പോൾ തന്നെ കെട്ടിടത്തിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നതായി അഗ്‌നിശമന സേനയുടെ റിപ്പോർട്ടിലുണ്ട്. രണ്ടാം നിലയിൽ നിന്ന് പുക ഉയർന്ന ഉടനെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകൾ പ്രവർത്തിച്ചിരുന്നു. രണ്ടാം നിലയിൽ നിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. വസ്ത്രങ്ങൾ കൂടുതൽ സംഭരിച്ചിരുന്നതിനാൽ തീ പിടിത്തത്തിന്റെ വ്യാപ്തി കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് കൈമാറും തീപിടിത്തത്തിൽ 35 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഒന്നാം നിലയിലാണ് തീപടർന്നതെന്ന സംശയം മൂലമുണ്ടായ ആശയക്കുഴപ്പമാണ് തീ ആദ്യം അണക്കാൻ കഴിയാതിരുന്നതെന്ന് ഉടമകൾ പറയുന്നു.റമദാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയിൽ തീ പിടിച്ചിരുന്നു.
