ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു
ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയ്ക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി. തീപിടിത്തത്തിൽ വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം.
