ശക്തികുളങ്ങരയിൽ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം

കൊല്ലം ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ ത്രീ കപ്പലിലെ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെ കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകൾ ശക്തികുളങ്ങരയിലാണ് അടിഞ്ഞത്.ഇവിടെ നിന്ന് മാറ്റാൻ കഴിയാത്ത കണ്ടെയ്നറുകൾ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടർ ഉപയോഗിച്ചപ്പോൾ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു. കടലിൽ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ ഈ മാസം 25നാണ് കൊച്ചി പുറംകടലിൽ മുങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കൾ നീക്കം ചെയ്യുന്നത്.