ചെറുതുരുത്തിയിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം

  1. Home
  2. Kerala

ചെറുതുരുത്തിയിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം

SANHA


ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്റിനാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണസമയത്ത് സൻഹ വെള്ളത്തിനോട് വിരക്തി പ്രകടിപ്പിക്കുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തത് അധികൃതരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് കുട്ടിയുടെ സ്രവം ശേഖരിച്ച് സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാ ഫലത്തിലാണ് പേവിഷബാധയാണ് മരണകാരണമെന്ന് വ്യക്തമായത്.

കുട്ടിക്ക് എന്നാണ് രോഗബാധയുണ്ടായതെന്നോ എവിടെനിന്നാണ് വിഷബാധയേറ്റതെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വീടിനടുത്തുള്ള പൂച്ചകളുമായി കുട്ടി കളിക്കാറുണ്ടായിരുന്നെന്നും ആ സാഹചര്യത്തിലാണോ പരിക്കേറ്റതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൻഹയുമായി സമ്പർക്കം പുലർത്തിയിരുന്ന പതിനഞ്ചോളം പേർക്ക് നിലവിൽ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തിവരികയാണ്.