'ആദ്യം സ്വന്തം പാര്‍ട്ടിയിലെ വകുപ്പുകളില്‍ അവതാരങ്ങള്‍ കടന്നോയെന്ന് അന്വേഷിക്കൂ'; ബിനോയ് വിശ്വത്തിന് പിണറായി വിജയന്റെ മറുപടി

  1. Home
  2. Kerala

'ആദ്യം സ്വന്തം പാര്‍ട്ടിയിലെ വകുപ്പുകളില്‍ അവതാരങ്ങള്‍ കടന്നോയെന്ന് അന്വേഷിക്കൂ'; ബിനോയ് വിശ്വത്തിന് പിണറായി വിജയന്റെ മറുപടി

pinarayi vijayan and binoy viswam


സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ 'അവതാര' പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഭരണത്തിലിരുന്നപ്പോൾ സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണ് ബിനോയ് വിശ്വം ആദ്യം പരിശോധിക്കേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു.

ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തണമെന്നുമുള്ള പിണറായി വിജയന്റെ പഴയ പ്രസ്താവന മുൻനിർത്തിയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. തൃശ്ശൂരിൽ നടന്ന ഒരു ചടങ്ങിൽ സി പി എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വിവാദ പ്രസംഗം. പിണറായി മുന്നറിയിപ്പ് നൽകിയ അവതാരങ്ങൾ അടുത്ത് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, താൽക്കാലിക ലാഭത്തിനായി വരുന്ന ഇത്തരം ശക്തികളെ അകറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതുപക്ഷത്തുനിന്ന് അകലുന്നതിനെക്കുറിച്ചും യുവതലമുറയെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ കഴിയാത്തതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പ്രസംഗം വിവാദമായതോടെ ബിനോയ് വിശ്വം പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. പിണറായിയുടെ പഴയ മുന്നറിയിപ്പ് ഏറെ ഗൗരവമുള്ളതാണെന്നും, അത് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.