കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണം; ചികിത്സയിലുള്ളത് 2000ത്തിലധികം പേർ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 2,007 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണിൽ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്.പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് കൊവിഡ് രോഗികളുടെ പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രികൾക്ക് കർശന നിർദേശങ്ങൾ
കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാനും നിർദ്ദേശമുണ്ട്.