കാസർകോട് നാല് കുട്ടികൾ അടക്കം അഞ്ച് പേർക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു
നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ നിന്നാണ് ആരോഗ്യവകുപ്പ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചിരുന്ന യുവാവും നാല് കുട്ടികളും നിലവിൽ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ പൂർണ്ണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്.
രോഗബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
