കായ വറത്തുകോരി എറിഞ്ഞപ്പോള്‍ തീപിടിച്ചു; പത്തനംതിട്ടയില്‍ അഞ്ച് കടകള്‍ കത്തി

  1. Home
  2. Kerala

കായ വറത്തുകോരി എറിഞ്ഞപ്പോള്‍ തീപിടിച്ചു; പത്തനംതിട്ടയില്‍ അഞ്ച് കടകള്‍ കത്തി

fire


പത്തനംതിട്ട കായ വറക്കുന്ന കടകളിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് ഗ്യാസ് സിലിൻഡറുകൾ തീഗോളമായി തെറിച്ചു. പൊള്ളലേറ്റും കുഴഞ്ഞുവീണും എട്ടുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാല് കടകൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തി. തീയണയ്ക്കാൻ തുടങ്ങിയശേഷമാണ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചത്. ആളുകളെ അപ്പോഴേക്കും ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ട സെൻട്രൽ ജങ്ഷനിലാണ് സംഭവം. ജനത്തിരക്കുള്ള നഗരനടുവിൽ നടപ്പാതയോടുചേർന്ന് വലിയ അടുപ്പിൽ കായ വറക്കുകയായിരുന്നു. കായ വറത്തുകോരി മുകളിലേയ്ക്ക് എറിഞ്ഞപ്പോൾ അതിനൊപ്പമുള്ള എണ്ണയ്ക്ക് ആദ്യം തീപിടിച്ചു. കടയുടെ സീലിങ്ങിലേക്കും തീപടർന്നു. ചട്ടിയിലെ എണ്ണയിലേക്കും തീ പിടിച്ചതോടെ ആളിപ്പടരുകയുമായിരുന്നുവെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. രണ്ടുമണിക്കൂർകൊണ്ട്, എട്ട് ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീ അണച്ചത്. അപകടകരമായി തീ കൈകാര്യം ചെയ്തതിന് കേസെടുത്തതായി ഡിവൈ.എസ്.പി. എസ്. നന്ദകുമാർ പറഞ്ഞു. അനധികൃതമായി ഗ്യാസ് സിലിൻഡറുകൾ സൂക്ഷിച്ചത് അന്വേഷിക്കുമെന്ന് കളക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചു. കായ വറക്കുന്ന രണ്ട് കടകളിൽനിന്നായി 11 സിലിൻഡറുകൾ കസ്റ്റഡിയിലെടുത്തു.