കൊച്ചിയിൽ ചികിത്സയ്ക്കായെത്തിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ

  1. Home
  2. Kerala

കൊച്ചിയിൽ ചികിത്സയ്ക്കായെത്തിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ

suicide    


കൊച്ചി വടുതലയിൽ ഒരേ കുടുംബത്തിലെ അഞ്ചുപേരെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും പത്ത് വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവർ ചികിത്സാ ആവശ്യങ്ങൾക്കായാണ് രണ്ട് മാസം മുൻപ് കൊച്ചിയിലെത്തിയത്. ലൂർദ് ആശുപത്രിക്ക് സമീപമുള്ള ഗ്രീൻ ഗാർഡനിലെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പ്രാഥമിക നിഗമനമനുസരിച്ച് കൂട്ട ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മരിച്ചവരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും ഇതിന്റെ ചികിത്സയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. വീട്ടുകാരെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. ചികിത്സാപരമായ സമ്മർദ്ദമാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്താൻ പോലീസ് ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു വരികയാണ്.