കള്ളാടി ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

  1. Home
  2. Kerala

കള്ളാടി ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതി; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

kalladi


ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. പ്രമുഖ ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ് (IFS), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിന്റെ യഥാർത്ഥ കാരണം, കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് നിബന്ധനകളുടെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. വിദഗ്ധ സമിതി നൽകുന്ന ഈ റിപ്പോർട്ട് തുരങ്കപാത പദ്ധതിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

ദുരന്തബാധിതർക്ക് ധനസഹായം

മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള അടിയന്തര ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് സഹായധനം അനുവദിക്കുക.

തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് ഒരാളെ

കള്ളാടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും ഊർജ്ജിതമായി തുടരുകയാണ്. അപകടത്തിൽപ്പെട്ടവരിൽ ഇനി ഹിമാചൽ പ്രദേശ് സ്വദേശിയായ വിക്രം റാണയെ മാത്രമാണ് കണ്ടെത്താനുള്ളത്. ദുരന്തബാധിത പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ച് വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. വിക്രം റാണയുടെ മൃതദേഹം ഈ ഭാഗത്ത് ഉണ്ടാകാനാണ് കൂടുതൽ സാധ്യതയെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. നിലവിൽ മേഖലയിൽ കാലാവസ്ഥ അനുകൂലമാണ്. ദുരന്തത്തിൽ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.