മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റ് മരിച്ചു; അപകടം ഷോർട്ട് സർക്യൂട്ടിനെ തുടർന്ന്
മലപ്പുറം തിരുവാലി കുളക്കാട്ടിരിയിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള പെൺകുട്ടി തീപ്പൊള്ളലേറ്റ് മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടിൽ സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
കുട്ടിയെ വീട്ടിനുള്ളിൽ കിടത്തി മാതാപിതാക്കൾ സമീപത്തെ ഫാമിൽ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ ഓടിയെത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സീലിങ് ഫാനിൽ നിന്ന് കിടക്കയിലേക്ക് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണ്.
