കൊലയാളി ആനയുടെ കൊമ്പിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

  1. Home
  2. Kerala

കൊലയാളി ആനയുടെ കൊമ്പിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

haripad


സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ അഭിലാഷാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. ആനക്കൊമ്പിൽ ഇരിക്കുന്നതിനിടെ കുഞ്ഞ് കൈയിൽ നിന്നും വഴുതി താഴേക്ക് വീഴുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് പാപ്പാന്മാരെ ആക്രമിച്ച ചരിത്രമുള്ള ആനയാണ് സ്കന്ദൻ. ആ സംഭവത്തിൽ ഒരു പാപ്പാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പാപ്പാൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഈ അക്രമാസക്തമായ ചരിത്രമുള്ളതിനാലാണ് മാസങ്ങളായി ആനയെ ഒരിടത്ത് തന്നെ തളച്ചിട്ടിരിക്കുന്നത്. ഭക്ഷണവും വെള്ളവും ആന തളയ്ക്കപ്പെട്ട സ്ഥലത്ത് എത്തിച്ചു നൽകുകയാണ് പതിവ്.

ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ആനയുടെ സ്വഭാവത്തെ തീർത്തും അവഗണിച്ചുകൊണ്ട് പാപ്പാൻ കുഞ്ഞുമായി ആനയ്ക്ക് മുന്നിലെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാപ്പാന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആനക്കൊമ്പിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ ഭാഗ്യം കൊണ്ടാണ് രക്ഷിക്കാനായതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.