മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ
എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് ആരോപിച്ച ആനന്ദബോസ്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചത്. ഡൽഹിയിൽ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മന്നം സ്മാരകം എല്ലാ നായർമാർക്കും അവകാശപ്പെട്ടതാണ്, അത് ആരുടെയും കുത്തകയല്ല. ഗേറ്റ് കീപ്പറെ കാണാനല്ല താൻ പെരുന്നയിലേക്ക് എത്തുന്നത്" എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. സമാധിയിൽ ആദരമർപ്പിക്കാൻ എത്തിയപ്പോൾ ഉണ്ടായ തടസ്സമാണ് ഗവർണറെ ചൊടിപ്പിച്ചത്.
അതേസമയം, ഗവർണറുടെ വിമർശനങ്ങളെ തള്ളി സുകുമാരൻ നായർ രംഗത്തെത്തി. പുഷ്പാർച്ചനയ്ക്ക് കൃത്യമായ സമയമുണ്ടെന്നും അല്ലാത്ത നേരങ്ങളിൽ അനുമതി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ തന്നോട് അനുമതി ചോദിച്ചിട്ടില്ലെന്നും എന്തിനാണ് അദ്ദേഹം ഡൽഹിയിൽ പോയി ഇത്തരത്തിൽ സംസാരിച്ചതെന്ന് അറിയില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
