വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി
വിവാഹ സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ അതിഥിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഭക്ഷ്യവിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ ഉന്മേഷിന് നാൽപ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനാണ് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര കോടതി വിധിച്ചത്.
2019 മെയ് 5-നാണ് സംഭവമുണ്ടാകുന്നത്. കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തതാണ് ഉന്മേഷ്. അപ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റത്. അവിടെ ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കാറ്ററിങ് ഉടമകളോടാണ് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചത്. അന്നത്തെ പരിപാടിയിൽ പങ്കെടുത്ത മുപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.