സംസ്ഥാന ചരിത്രത്തിൽ ആദ്യം; ജയിലിനുള്ളിൽ പുനഃപ്രതിജ്ഞ ചെയ്ത് ആർ. സുഗതൻ
സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു. കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ പുനഃപ്രതിജ്ഞ ചെയ്തത്.തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ പ്രതിജ്ഞ. മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്.
നേരത്തെ, ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെയും മറ്റും പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി തിരുവനന്തപുരം കോർപറേഷനിലെ ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ഇവരിൽ ഒരാളാണ് സുഗതൻ. മറ്റ് അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതൻ ജയിലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല
കഴിഞ്ഞ ജൂൺ ഒൻപത് മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് സുഗതൻ. അതിനാൽ സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. ഇതോടെ സത്യപ്രതിജ്ഞ അനിശ്ചിതാവസ്ഥയിലായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ ജനവിധിയെ മാനിക്കേണ്ടതുണ്ടെന്നും ജനപ്രതിനിധിക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയിലിൽ വച്ച് സത്യപ്രതിജ്ഞയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിൽ വിയോജിപ്പില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു
