തുടർച്ചയായ രണ്ടാം ദിവസവും പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ദൗത്യം നാളെയും തുടരും

  1. Home
  2. Kerala

തുടർച്ചയായ രണ്ടാം ദിവസവും പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ദൗത്യം നാളെയും തുടരും

elephant attack


ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും പരാജയപ്പെട്ടു. ആന ദൗത്യസംഘത്തിന് സമീപമെത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ അനുകൂല സാഹചര്യമുണ്ടായില്ല. വെളിച്ചക്കുറവും ആന ജനവാസ മേഖലയ്ക്ക് സമീപമായിരുന്നതും പ്രതിസന്ധിയായി. വൈകിട്ട് അഞ്ചോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. നാളെയും ദൗത്യം തുടരും.

രാവിലെ അഞ്ചോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ചക്കക്കൊമ്പനെ കണ്ടെത്തിയെങ്കിലും ആനയിറങ്കൽ ജലാശയത്തിന് സമീപമായതിനാൽ മയക്കുവെടി വയ്ക്കാനായില്ല. ഉച്ചയോടെ 301 കോളനി ഭാഗത്തേക്ക് ജലാശയം നീന്തിക്കടന്ന ആനയെ പിന്തുടർന്ന് ദൗത്യസംഘവും എത്തി. ഇതിനിടെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ ആന 301ലെ അങ്കണവാടിക്ക് സമീപം ചോലക്കുള്ളിലേക്ക് കടന്നു.

അരമണിക്കൂറോളം നിരീക്ഷണവലയത്തിന് പുറത്തായിരുന്ന ചക്കക്കൊമ്പൻ മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ വീണ്ടും എത്തി. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലമായിരുന്നെങ്കിലും ഏലച്ചെടികൾ ദൗത്യത്തിന് തടസ്സമായി. ആനയെ തോട്ടത്തിൽനിന്ന് മാറ്റാൻ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. വെളിച്ചം കുറഞ്ഞതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.