മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാൻ
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ ചെയർമാനായി മുൻ ചീഫ് സെക്രട്ടറി വി. വേണുവിനെ നിയമിച്ചു. മുൻ ചെയർമാൻ പി.എച്ച്. കുര്യൻ അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് സംസ്ഥാന സർക്കാരിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര സർക്കാരാണ് നിയമനം നടത്തിയത്.
1990 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ വി. വേണു 2023-2024 കാലയളവിൽ സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരിസ്ഥിതി, വനം, ആഭ്യന്തരം, റവന്യൂ, ദുരന്തനിവാരണം, ടൂറിസം, സാംസ്കാരികം തുടങ്ങി വിവിധ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.
