മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: മുൻ ഡി.സി.സി അംഗം ചേന്തി അനിലിന് ജാമ്യം
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ മുൻ ഡി.സി.സി അംഗം ചേന്തി അനിലിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
കേസിന്റെ തുടർനടപടികളുടെ ഭാഗമായി അന്വേഷണസംഘം പ്രതിയുമായി ഇന്ന് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയിരുന്നു. അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങൾ കേസിൽ നിർണായക തെളിവാകുമെന്നാണ് കരുതുന്നത്. ഇവയുടെ സാങ്കേതിക പരിശോധനയ്ക്കായി ശബ്ദസന്ദേശങ്ങൾ ആകാശവാണിക്ക് കൈമാറാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധ പരിശോധനയിലൂടെ ഇതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിൽ പ്രകോപിതനായാണ് പ്രതി അതിക്രമം കാട്ടിയത്. സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തുകയും മോശമായി പെരുമാറുകയും ചെയ്തതിനാണ് അനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
