മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു

  1. Home
  2. Kerala

മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു

PJ


കേരള മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള പൊലീസിന്റെ ചരിത്രത്തിൽ നിർണ്ണായകമായ പല പരിഷ്‌കരണങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ്. നിലവിൽ മൃതദേഹം കവടിയാറിലെ സ്വവസതിയിൽ എത്തിച്ചിട്ടുണ്ട്.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും പോലീസ് സംവിധാനത്തിലെ പരിഷ്‌കരണങ്ങളെക്കുറിച്ച് നിരന്തരം എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന അദ്ദേഹം ഈ രംഗത്തെ മികച്ച പണ്ഡിതനായി അറിയപ്പെട്ടിരുന്നു. സേവനകാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

പഠനകാലത്തും മികവ് പുലർത്തിയിരുന്ന അദ്ദേഹം ഐപിഎസ് ലഭിക്കുന്നതിന് മുൻപ് കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.